വാഷിങ്ടണ്‍: 1963ല്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് രഹസ്യ രേഖകള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു. എസ് ഭരണകൂടം ബുധനാഴ്ച പുറത്തുവിട്ടത് വന്‍ വാര്‍ത്താ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്.
മുമ്പ് രഹസ്യമാക്കിയിരുന്ന 80,000 പേജുള്ള രേഖകള്‍ തിരുത്തലുകള്‍ കൂടാതെ പ്രസിദ്ധീകരിക്കുന്നതായി യു.എസ് നാഷനല്‍ ഇന്റലിജന്‍സ് (ഡി.എന്‍.ഐ) ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. യു.എസ് നാഷനല്‍ ആര്‍ക്കൈവ്സ് വെബ്സൈറ്റില്‍ നിന്ന് ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് അന്നുയര്‍ന്ന ഊഹാപോഹങ്ങള്‍ക്ക് അടിവരയിരുന്നതാണ് ഈ രേഖകള്‍ ഏറെയും. വധം സി.ഐ.എ തന്നെ നടത്തിയതാണെന്നുമായിരുന്നു പ്രബലമായ വാദം. കെ.ജി.ബിയുടെ പങ്കും ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും സി.ഐ.എയുടെ പങ്കിനെ സാധൂകരിക്കുന്നതാണ് പുതിയ സൂചനകള്‍.
യു.എസിന്റെ 35-ാമത് പ്രസിഡന്റായ കെന്നഡി 1963 നവംബര്‍ 22ന് ഡള്ളാസിലേക്കുള്ള സന്ദര്‍ശനത്തിനിടെ തുറന്ന കാറില്‍ സഞ്ചരിക്കവെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ജാക്വിലിനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഡൗണ്ടൗണിലേക്കുള്ള പരേഡ് പൂര്‍ത്തിയാക്കുമ്പോള്‍ ടെക്‌സസ് സ്‌കൂള്‍ ബുക്ക് ഡിപ്പോസിറ്ററി കെട്ടിടത്തില്‍ നിന്ന് വെടിവെപ്പ് മുഴങ്ങി.
വെടിവെപ്പുണ്ടായ ആറാം നിലയില്‍നിന്ന് 24 കാരനായ ലീ ഹാര്‍വി ഓസ്വാള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇയാളുടെ ജയില്‍ മാറ്റത്തിനിടെ ഒരു നൈറ്റ്ക്ലബ് ഉടമ ജാക്ക് റൂബി, ഓസ്വാള്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തി. ടെക്‌സസിലേക്ക് മടങ്ങുന്നതിന് മുമ്പ് സോവിയറ്റ് യൂനിയനിലേക്ക് കൂറുമാറിയ ഒരു മുന്‍ മറൈന്‍ ആയിരുന്നു കെന്നഡിയെ വെടിവെച്ച ഓസ്വാള്‍ഡ്.ഇത് കെ.ജി.ബി പങ്കിനെക്കുറിച്ചുള്ള സംശയമുയര്‍ത്തി.