കൊളംബോ: കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അറിയിച്ചു.
അഞ്ച് ദിവസമായി കൊളംബോയിലെ ഗാലി ഫേസില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി ശ്രീലങ്കന്‍ പുതുവര്‍ഷ തലേന്ന് ചര്‍ച്ച നടത്തുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 14 നാണ് ശ്രീലങ്കയില്‍ പുതുവത്സരം ആഘോഷിക്കാറുള്ളത്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്ബത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. രാജ്യം നേരിടുന്ന നിലവിലെ സാമ്ബത്തിക വെല്ലുവിളി നേരിടാന്‍ സമരം ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിക്കാനാണ് സാധ്യത. പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് തയാറാണെങ്കില്‍ അവരുടെ പ്രതിനിധി സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ ശ്രീലങ്കയിലെ ജനങ്ങളോട് ക്ഷമയോടെയിരിക്കണമെന്നും രാജ്യത്തെ മോശം അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നതിന് തെരുവിലിറങ്ങിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു