വാഷിങ്ടണ്‍: പാക്കിസ്താനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ആശംസയുമായി അമേരിക്ക. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ അമേരിക്ക കാത്തിരിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവായ നെഡ് പ്രൈസ് പറഞ്ഞു.
അമേരിക്ക- പാകിസ്താൻ ബന്ധം 75 വര്‍ഷത്തോളമായി ശക്തമായി തുടരുകയാണ്.
അതേ സമയം പാക്കിസ്താന്‍റെ ഭരണമാറ്റത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന ആരോപിച്ച് ഇംറാന്‍ ഖാന്‍റെ അനുയായികള്‍ രാജ്യത്ത് യു.എസ് വിരുദ്ധ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഒരു പാകിസ്താന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ ഇവര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതായി നെഡ് പ്രൈസ് പറഞ്ഞു.
മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പെടെയുള്ള ഭരണഘടനാപരവും ജനാധിപത്യപരവുമായ തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനെയാണ് അമേരിക്ക പിന്തുണക്കുന്നതെന്നും നിയമവാഴ്ചയും നിയമത്തിന് കീഴിലുള്ള തുല്യനീതിയുമാണ് തങ്ങളുടെ അടിസ്ഥാനമെന്നും നെഡ് പ്രൈസ് പറഞ്ഞു. ഇംറാന്‍ ഖാന്‍റെ സര്‍ക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ ബൈഡന്‍ ഭരണകൂടം ഇടപെട്ടുവെന്ന വാദത്തിന് തെളിലില്ലെന്ന് പറഞ്ഞ പാകിസ്താന്‍ സൈനിക വക്താവിന്റെ വിലയിരുത്തലിനോട് അമേരിക്ക യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു