മോസ്കോ: റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിന് ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്. കരിങ്കടലില്‍ നങ്കൂരമിട്ട റഷ്യയുടെ പടക്കപ്പല്‍ മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ യുക്രെയ്ന്‍ സൈന്യത്തിന്‍റെ പിടിയിലാകുകയും ചെയ്തെന്ന വാര്‍ത്തകള്‍ക്കിടെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചെന്ന വിവരം പുറത്തുവരുന്നത്.
യുക്രെയ്നിലെ റഷ്യന്‍ സൈനിക ഓപറേഷന് നേതൃത്വം നല്‍കുന്ന സെര്‍ജിയെ, ഏതാനും ദിവസങ്ങളായി പൊതുവേദികളില്‍ കാണാനില്ല. യുക്രെയ്നില്‍ റഷ്യ കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും വിശ്വസ്തനായ സെര്‍ജിയും അകലുന്നതായും അഭ്യൂഹങ്ങളുണ്ട്. 66കാരനായ സെര്‍ജി നിലവില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആരോഗ്യകരമായ കാരണങ്ങളല്ല ഹൃദയാഘാതത്തിനു പിന്നിലെന്ന് റഷ്യന്‍ വ്യാപാരി ലിയോനിഡ് നെവ്സ്ലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2012ലാണ് റഷ്യന്‍ പ്രതിരോധ മന്ത്രിയായി സെര്‍ജി ഷോയ്ഗു അധികാരമേല്‍ക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി പുടിന്‍റെ വിശ്വസ്തനായ അനുയായിയാണ്. യുക്രെയ്നിലെ റഷ്യന്‍ ഓപറേഷനുവേണ്ടി അനുവദിച്ച 10 ബില്യണ്‍ ഡോളര്‍ അപഹരിച്ചെന്ന കുറ്റത്തിന് 20 റഷ്യന്‍ ജനറലുമാരെ അറസ്റ്റ് ചെയ്തെന്നും വ്യാപാരി ലിയോനിഡ് വെളിപ്പെടുത്തി.