ഫിലിപ്പൈന്‍സ്: മെഗി ചുഴലിക്കാറ്റ് സൃഷ്ടിച്ച മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 167 ആയി.
110 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യ ഫിലിപ്പൈന്‍സില്‍ 164 പേരും തെക്കന്‍ ഫിലിപ്പൈന്‍സില്‍ മൂന്ന് പേരുമാണ് മരിച്ചത്.
വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷപ്പെടാനായി ആളുകള്‍ മലമുകളിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രതികൂലമായ കാലാവസ്ഥയും ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയും രണ്ടുലക്ഷത്തിലധികം ആളുകള്‍ക്ക് വീടുനഷ്ടപ്പെടുത്തുകയും ചെയ്തു.
7,600-ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഫിലിപ്പൈന്‍സ് പ്രകൃതിക്ഷോഭങ്ങള്‍ക്ക് നിരന്തരം ഇരയാകുന്ന രാജ്യമാണ്. പസഫിക് റിങ് ഓഫ് ഫയര്‍, പസഫിക് ടൈഫൂന്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ദുരന്തസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈന്‍സ്.
പ്രതിവര്‍ഷം ഇരുപത് കൊടുങ്കാറ്റ് വീശുന്ന ഫിലിപ്പൈന്‍സിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മെഗി. നാലുമാസംമുമ്ബ് രാജ്യത്ത് വീശിയ ശക്തമായ ചുഴലിക്കാറ്റ് 400 പേരുടെ ജീവനാണെടുത്തത്.