ധര്‍മ്മശാല: ഭൗമദിനത്തില്‍ കാലാവസ്ഥ പ്രതിസന്ധിയെയും പരിസ്ഥിതി സംരക്ഷണത്തെയും സൂചിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.
ഫോസില്‍ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം കുറക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യരെ പോലെ മൃഗങ്ങളും പക്ഷികളും അടങ്ങുന്ന ജീവജാലങ്ങളെല്ലാം സ്വസ്ഥമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യരെന്ന നിലയില്‍ നമുക്ക് സവിശേഷമായി നല്‍കിയിട്ടുള്ള മസ്തിഷ്കം ഉപയോഗിച്ച് ഭൂമിക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നമ്മുടെ ലോകം പരസ്പരം ആശ്രിതമാണെന്നും ആഗോള താല്‍പര്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മളെയെല്ലാവരെയും ഒരു പോലെ ബാധിക്കുന്ന കാലാവസ്ഥാപ്രതിസന്ധി പോലുള്ള വെല്ലുവിളികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ടിബറ്റലും പിന്നീട് ധര്‍മ്മശാലയിലും മഞ്ഞ് വീഴ്ച കുറയുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ടിബറ്റ് പോലുള്ള സ്ഥലങ്ങള്‍ ഒടുവില്‍ മരുഭുമികളായി മാറാന്‍ സാധ്യതയുണ്ടെന്ന് ചില ശാസ്തജ്ഞര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനായത്’ – ദലൈലാമ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന് ദേശീയ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.