രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയില്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.
‘ഞങ്ങളുടെ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയില്‍ വര്‍ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും’ – കിം പറഞ്ഞു. ആണവായുധങ്ങള്‍ ഏതു നിമിഷവും പ്രയോഗിക്കാന്‍ സൈന്യം സുസജ്ജമായിരിക്കണമെന്നും കിം നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യാന്തര തലത്തില്‍ നിരോധിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌സ് മിസൈലും സൈനിക പരേഡിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. ആണവായുധം വഹിക്കാനായാണ് ഐസിബിഎമ്മുകള്‍ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് ആശങ്ക കൂട്ടുന്ന കാര്യം. നിലവില്‍ റഷ്യ, യുഎസ്, ചൈന, ഫ്രാന്‍സ്, ഇന്ത്യ, ബ്രിട്ടന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഐസിബിഎം ഉള്ളത്. ഇതുവരെ ഐസിബിഎമ്മുകള്‍ യുദ്ധത്തില്‍ ഉപയോഗിച്ചിട്ടില്ല.
ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച സൈനിക പരേഡിലാണ് ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കിമ്മിന്റെ രംഗപ്രവേശം. ലോക രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്ബോഴും, ആണവായുധ ശാക്തീകരണ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് കിമ്മിന്റെ നിലപാട്.
2017നുശേഷം ആദ്യമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരകൊറിയ അവരുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 പരീക്ഷിച്ചിരുന്നു. ഇതിനെതിരെ രാജ്യാന്തര തലത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ഹ്വാസോങ് 17 സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ച് മറ്റൊരു പ്രകോപനം. 2020 ഒക്ടോബറില്‍ സൈനിക പരേഡിലാണ് ഉത്തരകൊറിയ ആദ്യമായി ഹ്വാസോങ് 17 പ്രദര്‍ശിപ്പിച്ചത്. താരതമ്യേന വലുപ്പക്കൂടുതലുള്ള മിസൈലിനെ ‘മോണ്‍സ്റ്റര്‍ മിസൈല്‍’ എന്നാണ് അന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ചത്.
ഹ്വാസോങ് 17 പരീക്ഷിച്ചതിനു പിന്നാലെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്തരകൊറിയയ്ക്കു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആണവായുധങ്ങള്‍ വഹിക്കുന്നതിനായി തയാറാക്കിയിട്ടുള്ള ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍, യുഎസിന്റെ മുഴുവന്‍ മേഖലകളെയും ലക്ഷ്യമിടാന്‍ പര്യാപ്തമെന്നാണ് റിപ്പോര്‍ട്ട്