മോസ്കോ: പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം റഷ്യ നിര്‍ത്തിവെച്ചു. റഷ്യന്‍ ഊര്‍ജ ഭീമന്മാരായ ഗാസ്പ്രോമാണ് ഇരു രാജ്യങ്ങളിലേക്കും ഗ്യാസ് വിതരണം ചെയ്തിരുന്നത്.
നേരത്തെ, ഊര്‍ജ ഇടപാടുകളെല്ലാം ഔദ്യോഗിക റഷ്യന്‍ നാണയമായ റൂബിളില്‍ നടത്തണമെന്ന് പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള ഗ്യാസ് വിതരണം കമ്ബനി നിര്‍ത്തിവെച്ചത്. റഷ്യ ബ്ലാക്ക്മെയിലിങ് നടത്തുകയാണെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചു.
യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ റൂബിളിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകള്‍ റൂബിളില്‍ മതിയെന്ന നിലപാട് റഷ്യ സ്വീകരിച്ചത്.
റൂബിളില്‍ ഇടപാട് നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗ്യാസ്പ്രോം പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം നിര്‍ത്തിവെച്ചത്. ഊര്‍ജ വിതരണക്കാരന്‍ എന്ന നിലയില്‍ റഷ്യയുടെ വിശ്വസനീയത ഈ നീക്കത്തോടെ ഇല്ലാതായെന്ന് ഇ.യു കമീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡേര്‍ ലെയ്ന്‍ പറഞ്ഞു.
എന്നാല്‍, തങ്ങള്‍ ഇപ്പോഴും വിശ്വസനീയമായ ഊര്‍ജ പങ്കാളിയാണെന്ന് റഷ്യ പ്രതികരിച്ചു.