കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെ സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ സമ്മതിച്ചെന്ന് പ്രതിപക്ഷം.
പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് സമ്മതിച്ചു എന്നാണ് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചില്ല.
പുതിയ പ്രധാനമന്ത്രി ആയി ആരെയെങ്കിലും നിര്‍ദേശിക്കാന്‍ ഉണ്ടെങ്കില്‍ എഴുതി നല്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രിയെ നീക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഒരു ദേശീയ കൗണ്‍സിലിനെ നിയമിക്കുമെന്ന് പ്രസിഡന്റ് രാജപക്‌സെ സമ്മതിച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാജപക്സെ പറഞ്ഞതായി സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനം ദിവസങ്ങളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്.
മഹിന്ദ രാജപക്സെയും ഗോത്തബയ രാജപക്സെയും തമ്മില്‍ അഭിപ്രായ ഭിന്നത ഉളളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും സഹോദരനായ മഹിന്ദ സ്ഥാനമൊഴിയാന്‍ തയാറായില്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതേസമയം, തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും മഹിന്ദ രജപക്സെ പറഞ്ഞിരുന്നു.