ന്യൂഡൽഹി: വികസനത്തിൻ്റെ മാതൃകയായി ലോകം കണ്ടിരുന്ന ബംഗ്ലാദേശ് ഇപ്പോൾ ഒരു ഭീകരരാഷ്ട്രമായി മാറിയിരിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന. സാമൂഹികമാധ്യമത്തിലൂടെ കുടുംബാംഗങ്ങളുമായും പാർട്ടിപ്രവർത്തകരുമായും സംസാരിച്ചപ്പോഴാണ് അവർ ഇത്തരത്തിൽ പ്രതികരിച്ചത്.
ഈശ്വരൻ തനിക്ക് ആയുസ് നീട്ടിത്തന്നതിന് ഒരു കാരണമുണ്ടെന്നും അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന ദിവസം വരുമെന്നും ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ അവാമി ലീഗിന്റെ അധ്യക്ഷ കൂടിയായ ഹസീന നിലവിൽ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലാണുള്ളത്.
ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധത്തെ തുടർന്ന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനിസിനെതിരേയും ഹസീന വിമർശനം നടത്തി. ഒരിക്കലും ജനങ്ങളെ സ്നേഹിക്കാത്ത ഒരാൾ എന്ന് യൂനിസിനെ വിശേഷിപ്പിച്ചു. അയാൾ ഉയർന്ന പലിശയ്ക്ക് ചെറിയ തുകകൾ വായ്പ്‌പയെടുത്ത് ആ പണമുപയോഗിച്ച് വിദേശത്ത് ആഡംബരജീവിതം നയിച്ചു. അയാളുടെ കാപട്യം അന്ന് ഞങ്ങൾ തിരിച്ചറിയാത്തതിനാൽ ഞങ്ങളയാളെ കണക്കറ്റ് സഹായിച്ചു. പക്ഷേ ജനങ്ങൾക്ക് അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായില്ല. സ്വന്തം നേട്ടത്തിനായി അയാൾ നന്നായി പ്രവർത്തിച്ചു. പിന്നെ അയാൾക്ക് അധികാരത്തോട് ഭ്രമമായി. ആ അധികാരമോഹമാണ് ബംഗ്ലാദേശിനെ എരിയിച്ചുകൊണ്ടിരിക്കുന്നത്, ഷെയ്ഖ് ഹസീന പറഞ്ഞു.
അവാമി ലീഗ് പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, കലാകാരൻമാർ തുടങ്ങി തങ്ങളെ അനുകൂലിക്കുന്നവരെയെല്ലാം ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടക്കുന്നതായും അവർ കൊല്ലപ്പെടുന്നതായും ഷെയ്ഖ് ഹസീന പറഞ്ഞു. ബലാൽസംഗം, കൊലപാതകം, കൊള്ള ഇവയെല്ലാം രാജ്യത്ത് നടക്കുന്നതായും എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.