ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ വിവാഹം കഴിഞ്ഞു. വളരെ രഹസ്യമായി ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്ത് കാരീ സിമോണ്ട്‌സ് ആണ് വധു. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിലായിരുന്നു ചടങ്ങ്.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വര്‍ക്ക് ആന്റ് പെന്‍ഷന്‍ സെക്രട്ടറി തെരേസ കോഫിയും നോര്‍ത്തേണ്‍ അയര്‍ലന്റ് ഫസ്റ്റ് മിനിസ്റ്റര്‍ അര്‍ലിന്‍ ഫോസ്റ്ററും പ്രധാനമന്ത്രിക്ക് ആശംസയര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 30 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത് എന്ന് ദി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാദര്‍ ഡാനിയല്‍ ഹംപ്രിസ് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിവാഹം നടന്നോ എന്ന കാര്യം അറിയില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
33കാരിയായ വധു സിമോണ്ട്‌സ് പ്രധാനമന്ത്രി പള്ളിയില്‍ എത്തി അര മണിക്കൂര്‍ കഴിഞ്ഞ് വെള്ള വസ്ത്രം ധരിച്ചു എത്തിയെന്നും തൊട്ടുപിന്നാലെ ചടങ്ങുകള്‍ ആരംഭിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രി സംഗീതജ്ഞര്‍ കത്തീഡ്രലില്‍ നിന്നു മടങ്ങുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. 56കാരനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 2019ലാണ് ഇദ്ദേഹവുമായി സിമോണ്ട്‌സിന്റെ പേരും ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്.
2020ല്‍ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിമോണ്ട്‌സ് ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകളും വന്നിരുന്നു. ഏപ്രിലില്‍ വില്‍ഫ്രഡ് എന്ന മകന്‍ പിറന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ഇപ്പോള്‍ വിവാഹം നടക്കുന്നത്.