ബീജിങ്: 2019ല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ചൈന ആദ്യമായി വെളിപ്പെടുത്തുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വുഹാന്‍ വൈറോളജി ലാബിലെ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി വാള്‍ട്ട്‌സ്ട്രീറ്റ് ജേര്‍ണല്‍. ഇതുവരെ പുറത്തുവിടാത്ത യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വാള്‍ട്ട് സ്ട്രീറ്റ് ജേര്‍ണല്‍ കൊവിഡ് ഉത്ഭവത്തില്‍ ചൈനയ്ക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്ന സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊവിഡ് വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പുറം ലോകത്തേക്ക് വ്യാപിച്ചതെന്ന അന്വേഷണത്തെ തുടര്‍ന്നാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്. വുഹാന്‍ ലാബിലെ ഗവേഷകരില്‍ എത്രപേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു, എത്രകാലം ഇവര്‍ ചികില്‍സയ്ക്ക് വിധേയരായി എന്നു തുടങ്ങീ വിശദമായ റിപ്പോര്‍ട്ടാണ് വാള്‍ട്ട് സ്ട്രീറ്റ് പുറത്തുവിട്ടത്.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ സുപ്രധാന യോഗം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് വാള്‍ട്ട് സ്ട്രീറ്റ് ജേര്‍ണല്‍ വുഹാന്‍ ലാബ് സംബന്ധിച്ച രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം നടത്തുന്നതിനെ കുറിച്ചാണ് ഇന്ന് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ യോഗം ചര്‍ച്ച ചെയ്യുക.
യു.എസ് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് ജേര്‍ണല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ കൊവിഡ് വൈറസ് എങ്ങിനെയാണ് യഥാര്‍ഥത്തില്‍ ഉത്ഭവിച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അത് ചൈനയില്‍ നിന്നാണോ എന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും വക്താവ് സൂചിപ്പിച്ചു.
ഇക്കാര്യത്തില്‍ സ്വതന്ത്രവും വിശദവുമായ അന്വേഷണം നടത്താന്‍ ലോകാരോഗ്യ സംഘടനയുടെ കൂടെ പ്രവര്‍ത്തിക്കുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയവത്ക്കരിക്കപ്പെടാത്ത സ്വതന്ത്രമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നാണ് ചില മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ വാഷിംഗ്ടണിലെ ചൈനീസ് നയതന്ത്രമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം നടത്തുവാനാണോ അതോ സംഭവങ്ങള്‍ വഴിതിരിച്ചുവിടാനാണോ ശ്രമം നടത്തുന്നതെന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.