കൊളംബോ : കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ആഭ്യന്തര സംഘര്‍ഷവും നേരിടുന്ന ശ്രീലങ്കയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ റനില്‍ വിക്രമസിംഗെ ചുമതലയേറ്റു.
സമവായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാനമന്ത്രിയുമായ വിക്രമസിംഗെ വീണ്ടും സ്ഥാനത്തേക്ക് വരുന്നതെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവെച്ചതിനെ തുടര്‍ന്നാണിത്. ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാമ്ബത്തിക-രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനായി രൂപവത്കരിക്കുന്ന ഇടക്കാല ദേശീയ സര്‍ക്കാറിനെ നയിക്കാനാണ് റനില്‍ ചുതലയേറ്റത്.
73 കാരനായ റനില്‍ ആറാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. രാജപക്സ കുടുംബത്തിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന റനില്‍ തന്റെ കക്ഷിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗവുമാണ്.
ഇതിനിടെ, പ്രധാനമന്ത്രി പദം നഷ്ടമായ മഹിന്ദ രാജപക്സ രാജ്യം വിടുന്നത് കോടതി തടഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരെ ഭരണപക്ഷ അനുകൂലികള്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം കഴിയുന്നതുവരെ മഹിന്ദയടക്കമുള്ള 15 പ്രമുഖര്‍ രാജ്യം വിടരുതെന്നാണ് കൊളംബോ ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങളില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിക്ക് പുറമെ, 13 ഭരണപക്ഷ ജനപ്രതിനിധികള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും വിലക്കേര്‍പ്പെടുത്തിയത്. പാസ്പോര്ട്ടുകള് സമര്‍പ്പിക്കണമെന്നും ഇവരോട് കോടതി ആവശ്യപ്പെട്ടു.
രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ തീരുമാനിച്ചത്. കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഗൊട്ടബയയുടെ സഹോദരന്‍ കൂടിയായ മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ പ്രസിഡന്റിന്റെ രാജിക്കും മുറവിളിയുയരുകയായിരുന്നു.