കൊളംബോ: ശ്രീലങ്കയില്‍ ഒരു ദിവസത്തേക്കുള്ള പെട്രോള്‍ ശേഖരം മാത്രമാണു ശേഷിക്കുന്നതെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.
അവശ്യ ഇറക്കുമതിക്ക് പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. ‘ പെട്രോള്‍ തീര്‍ന്നു… ഇപ്പോള്‍ ഒരു ദിവസത്തേക്കുള്ള പെട്രോള്‍ സ്റ്റോകുകള്‍ മാത്രമേയുള്ളൂ’, അദ്ദേഹം പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നേരത്തെ പ്രധാനമന്ത്രി രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ടികളില്‍ നിന്ന് നിര്‍ണായക പിന്തുണ നേടി. രാജ്യത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ രാജപക്‌സെ വംശത്തിന്റെ മേല്‍ സമ്മര്‍ദം ലഘൂകരിക്കുന്നത്തിന് വേണ്ടിയായിരുന്നു ഇത്. പ്രസിഡന്റ് ഗോതബയ രാജപക്‌സെ സ്ഥാനമൊഴിയണമെന്ന ആവശ്യം പ്രധാന പ്രതിപക്ഷമായ എസ്‌ജെബി പാര്‍ടി ഉപേക്ഷിച്ചതായാണ് കാണുന്നത്.
അതേസമയം റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ദേശീയ സര്‍കാരില്‍ ചേരാന്‍ എസ്‌ജെബി വിസമ്മതിച്ചു, എന്നാല്‍ സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നല്ല ശ്രമങ്ങളെ നിരുപാധികമായി പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു.