ഈ വര്‍ഷത്തെ വിഖ്യാതമായ ബുക്കര്‍ പ്രൈസിന് ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ അര്‍ഹയായി. ഗീതാഞ്ജലി രചിച്ച ‘രേത് സമാധി’ എന്ന ഹിന്ദി കൃതിയുടെ ഇംഗ്ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്റ്‌സ്’ ആണ് പുരസ്‌കാരം നേടിയത്.
ഇതാദ്യമായാണ് ഹിന്ദി കൃതിയുടെ പരിഭാഷാ ഗ്രന്ഥത്തിന് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജ ഡെയ്‌സി റോക്ക്‌വെല്ലുമായി സമ്മാനത്തുക ഗീതാഞ്ജലി പങ്കിടും.
50,000 യൂറോയാണ് സമ്മാനത്തുക(41.6 ലക്ഷം രൂപ). 64കാരിയായ ഗീതാഞ്ജലി ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയാണ്. ബുക്കര്‍ സമ്മാനം സ്വപ്‌നം കണ്ടിട്ടുകൂടിയില്ലെന്നും ഇത് വലിയ അംഗീകാരമാണെന്നും അവാര്‍ഡിനെക്കുറിച്ചുളള വാര്‍ത്തകളോട് ഗീതാഞ്ജലി പ്രതികരിച്ചു.
എഴുത്തുകാരിയും പരിഭാഷകയും ചിത്രകാരിയുമായ ഡെയ്‌സി റോക്ക്‌വെല്‍ അമേരിക്കയിലെ വെര്‍മോണ്ട് സ്വദേശിയാണ്. 80കാരിയായ മാ എന്ന കഥാപാത്രം ഭര്‍ത്താവിന്റെ മരണശേഷം ജന്മനാടായ പാകിസ്ഥാനിലേക്ക് യാത്രതിരിക്കാന്‍ ആഗ്രഹിക്കുന്നതാണ് റേത്ത് സമാധിയുടെ കഥ. കടുത്ത വിഷാദരോഗിയായ വൃദ്ധ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്ന കഥ ഇന്ത്യാ-പാക് വിഭജന പശ്ചാത്തലത്തിലാണ് മുന്നോട്ട് നീങ്ങുന്നത്.
ബ്രിട്ടണിലോ അയര്‍ലന്റിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്‌ത പുസ്‌തകങ്ങളാണ് ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. നാലോളം നോവലുകളും നിരവധി കഥകളും ഗീതാഞ്ജലി ശ്രീ രചിച്ചിട്ടുണ്ട്