ബീജിങ്: കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ ജിയാങ്‌സുവില്‍ മനുഷ്യനില്‍ പ്രത്യേക വകഭേദത്തില്‍പ്പെട്ട പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ഭരണകൂടത്തിന്റെ അറിയിപ്പ്. ദേശീയ ആരോഗ്യ കമ്മീഷന്‍ (എന്‍.എച്ച്.സി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷെന്‍ജിയാംഗ് സ്വദേശിയായ 41 കാരനിലാണ് എച്ച് 10 എന്‍ 3 വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധ മനുഷ്യനില്‍ സ്ഥിരീകരിച്ചെങ്കിലും വലിയ തോതില്‍ പടരാനുള്ള സാധ്യത കുറവാണെന്നും എന്‍.എച്ച്.സി അറിയിച്ചു.
പനിയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 23നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെയ് 28നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി)നടത്തിയ പരിശോധനയിലാണ് എച്ച് 10 എന്‍ 3 വൈറസ് ബാധയാണെന്നാണ് കണ്ടെത്തിയത്. പ്രാദേശിക ഭരണകൂടം രോഗിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുകയും അവരെ മെഡിക്കല്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാന്‍ സാധ്യത കുറവുള്ളതോ അല്ലെങ്കില്‍ താരതമ്യേന ഗുരുതരമാകാന്‍ സാധ്യത ഇല്ലാത്തതോ ആയ എച്ച് 10 എന്‍ 3 വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യത കുറവാണെന്നും എന്‍.എച്ച്.സി അറിയിച്ചു. രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ആശുപത്രിയില്‍ നിന്ന് വിട്ടയക്കാറായെന്നും അധികൃതര്‍ അറിയിച്ചു.
വൈറസിന്റെ പൂര്‍ണ്ണ ജനിതക വിശകലനത്തില്‍ എച്ച് 10 എന്‍ 3 വൈറസ് ഏവിയന്‍ ഗണത്തില്‍ പെട്ടതാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയെന്നാണ് എന്‍.എച്ച്.സി പ്രസ്താവനയില്‍ പറയുന്നത്. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്. പോള്‍ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്.
പക്ഷിപ്പനിയുടെ എച്ച് 7 എന്‍ 9 വകഭേദം കാരണം 2016-17 കാലയളവില്‍ മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം വലിയ അളവില്‍ മനുഷ്യരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതിന് മുന്‍പ് ലോകത്ത് ഒരിടത്തും എച്ച് 10 എന്‍ 3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്‍എച്ച്‌സി വ്യക്തമാക്കി.
രോഗബാധയുള്ളതോ ചത്തതോ ആയ കോഴികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും മറ്റ് പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ഉപദേശിച്ചു. ശുചിത്വം പാലിക്കണം, ഭക്ഷണം പൂര്‍ണ്ണ തോതില്‍ വൃത്തിയാക്കി കഴിക്കണം, മാസ്‌ക് ധരിക്കുക, സ്വയം സംരക്ഷണ അവബോധം മെച്ചപ്പെടുത്തുക, പനി, ശ്വസന ലക്ഷണങ്ങള്‍ എന്നിവ പരിശോധിക്കണമെന്നും എന്‍.എച്ച്.സി ഉപദേശിച്ചു.