ന്യൂയോര്‍ക്ക്: സിറിയയില്‍ വര്‍ധിച്ചുവരുന്ന സൈനിക ആക്രമണ ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ സ്ഥിതിഗതികള്‍ വഷളാക്കുന്നതായി ഇന്ത്യ പറഞ്ഞു.
വടക്കന്‍ സിറിയയില്‍ സൈനിക ആക്രമണം നടത്തുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനം.
സിറിയയിലെ സായുധ സംഘങ്ങള്‍ക്ക് ലഭിക്കുന്ന ബാഹ്യ പിന്തുണകള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയെന്നും ഭീകരതയുടെ വളര്‍ച്ചക്ക് കാരണമായെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം പ്രതീക് മാത്തൂര്‍ സിറിയയെക്കുറിച്ചുള്ള യു.എന്‍.എസ്.സി യോഗത്തില്‍ പറഞ്ഞു.
അക്രമം വിഭാഗീയമായ വഴികളിലൂടെയാണ്. അല്‍ഖ്വയ്ദയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ എന്നത്തേക്കാളും കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ്. നൂറു കണക്കിനാളുകളെ തടങ്കലിലടക്കുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്- പ്രതീക് മാത്തൂര്‍ പറഞ്ഞു.
രാജ്യത്തുടനീളം 14 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇപ്പോള്‍ മാനുഷിക സഹായം ആവശ്യമാണ്. സിറിയയിലെ ആക്രമണങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സാരമായി ബാധിച്ചിട്ടുണ്ട്. സിറിയക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളെയും, കുറ്റവാളികള്‍ ആരാണെന്നത് പരിഗണിക്കാതെ ഇന്ത്യ അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.