സിയോള്‍: ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്.
സമുദ്രത്തിലേയ്‌ക്ക് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. സാമ്ബത്തിക ഉപരോധങ്ങള്‍ നേരിടുന്നതിനിടയിലും രാജ്യത്തെ ആയുധശേഖരം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നത്. പ്യോങ്‌യാങ്ങിലെ സുനാന്‍ മേഖലയില്‍ നിന്ന് കിഴക്കന്‍ കടലിലേക്കാണ് ഉത്തര കൊറിയ തങ്ങളുടെ മിസൈല്‍ പരീക്ഷണം നടത്തിയത്.
ഉത്തര കൊറിയ തൊടുത്ത എട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അവകാശപ്പെടുന്നു. ഏകദേശം 30 മിനിറ്റോളം വിക്ഷേപണങ്ങള്‍ നടന്നതായും ദക്ഷിണ കൊറിയന്‍ സൈന്യം ആരോപിച്ചു.
ദക്ഷിണ കൊറിയയും അമേരിക്കയും 100,000 ടണ്‍ ആണവോര്‍ജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്‌എസ് റൊണാള്‍ഡ് റീഗനെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ത്രിദിന അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പരീക്ഷണം.
ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ അധികാരമേറ്റതിന് ശേഷം നടന്ന സഖ്യകക്ഷികളുടെ ആദ്യത്തെ സംയുക്ത സൈനിക അഭ്യാസമായിരുന്നു ഇത്. മാത്രമല്ല, 2017 ന് ശേഷം വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെട്ട ആദ്യ സൈനിക അഭ്യാസം കൂടിയാണിത്.
സംയുക്ത അഭ്യാസങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഉത്തര കൊറിയ അധിനിവേശത്തിനുള്ള പരിശീലനമാണിതെന്നും ആരോപിച്ചു.