ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ് ജയം.
ബോറിസ് ജോണ്‍സണ് അനുകൂലമായി 211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷം മുന്‍പ് വന്‍ വിജയം നേടിയ പാര്‍ട്ടിയിലെ തന്നെ പകുതിയോളം എംപിമാര്‍ ജോണ്‍സിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധയമാണ്. 359 അംഗങ്ങളായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ലമെന്റിലുണ്ടായിരുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഒന്നാം കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ചട്ടം ലംഘിച്ച് തന്റെ വസതിയില്‍ മദ്യപാര്‍ട്ടി നടത്തിയ വിവരം പുറത്തു വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്.
മദ്യ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അതില്‍ ക്ഷമാപണം നടത്തുന്നതായും ബോറിസ് പാര്‍ലമെന്റില്‍ അറിയിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും രാജിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു