ജനീവ: വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) വ്യക്തമാക്കി.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് മങ്കിപോക്സ് കേസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ജനീവയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയ്ക്ക് പുറത്ത് 29 രാജ്യങ്ങളിളായി ആയിരത്തിലധികം കേസുകളാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി കേസുകള്‍ നിരീക്ഷണത്തിലാണ്. യൂറോപ്പിലാണ് ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചതും നിരീക്ഷണത്തിലുള്ളതും.
എന്നാല്‍, മങ്കിപോക്സ് ബാധിച്ച് ഈ രാജ്യങ്ങളില്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്സ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. സ്ത്രീകളിലും മങ്കിപോക്സ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്