സിഡ്നി : ശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമായി ഓസ്ട്രേലിയയില്‍ നിന്ന് മൂന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കാനൊരുങ്ങി അമേരിക്കന്‍ സ്പേസ് ഏജന്‍സി നാസ.
യു.എസിന് പുറത്തുള്ള വാണിജ്യ കേന്ദ്രത്തില്‍ നിന്ന് ഇതാദ്യമായാണ് നാസ റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുന്നത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയല്‍ ലോഞ്ച് ഓസ്ട്രേലിയയുടെ ആര്‍നെം സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണമെന്നും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു.
ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയുന്ന ഹീലിയോഫിസിക്സ്, ആസട്രോഫിസിക്സ്, പ്ലാനറ്ററി സയന്‍സ് പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപണം. ജൂണ്‍ 26ന് ആദ്യ റോക്കറ്റ് കുതിച്ചുയരും. ജൂലായ് 4നും 12നും ഇടയില്‍ മറ്റുള്ളവയും വിക്ഷേപിക്കും.