കയ്റോ: സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്.യുദ്ധമേഖലയായ ദാര്ഫറിലാണു സംഘര്‍ഷമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥിവിഭാഗം അറിയിച്ചു.
പടിഞ്ഞാറന്‍ ദാര്‍ഫര്‍ പ്രവിശ്യയിലെ കുല്‍ബസില്‍ അറബ്-ആഫ്രിക്കന്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ അറബ് തീവ്രവാദ സംഘങ്ങള്‍ ഗ്രാമീണരെ ആക്രമിക്കുകയായിരുന്നെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
20 ഗ്രാമങ്ങള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. 62 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ആയിരങ്ങള്‍ പലായനം ചെയ്തതായും ഗോത്ര നേതാവ് അബ്കര്‍ അല്‍ തും അറിയിച്ചു. സംഘര്‍ഷത്തില്‍ 117 പേര് കൊല്ലപ്പെട്ടതായും ഗിമിര്‍ ഗോത്രത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്നും ഗിമിര്‍ ഗോത്രത്തലവനായ ഇബ്രാഹിം ഹഷെം പറഞ്ഞു