ലാഹോര്‍: അത്യാസന്ന നിലയില്‍ യു.എ.ഇയിലെ ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫിനെ എയര്‍ ആംബുലന്‍സില്‍ പാകിസ്താനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
സൈന്യം മുഷറഫിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചികിത്സക്കും രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനും സഹായം വാഗ്ദാനം ചെയ്തതായും ദുനിയ ടി.വി റിപ്പോര്‍ട്ട് ചെയ്തു. അനാരോഗ്യം കണക്കിലെടുത്ത് ജനറല്‍ മുഷറഫിന് രാജ്യത്തേക്ക് മടങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് ശനിയാഴ്ച പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മുഷറഫിനെ തിരികെ കൊണ്ടുവന്നാല്‍ കേസുകള്‍ നേരിടേണ്ടിവരുമെന്ന് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ജാവേദ് ലത്തീഫ് സ്വകാര്യ ടി.വി ചാനലിനോട് പറഞ്ഞു. പ്രോട്ടീന്‍ അവയവങ്ങളില്‍ അടിഞ്ഞുകൂടി പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന അപൂര്‍വ രോഗമായ അമിലോയിഡോസിസ് ബാധിച്ചിരിക്കുകയാണ് മുഷറഫിന്.