ന്യൂയോര്‍ക്ക് : ഇന്ത്യ, ഇസ്രയേല്‍, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യമായ ഐ2യു2വിന്റെ (I2U2) ആദ്യ ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ്, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ വെര്‍ച്വലായാണ് യോഗത്തില്‍ പങ്കെടുക്കുക. ലോക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈഡന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ യു.എസ് സഖ്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈറ്റ്‌ഹൗസിന്റെ നീക്കം. ആദ്യ ഉച്ചകോടിയില്‍ ഭക്ഷ്യസുരക്ഷ, സഹകരണം, സാമ്ബത്തികം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയവ ചര്‍ച്ചയാവും. സഖ്യത്തിലെ രാജ്യങ്ങളെല്ലാം ടെക്‌നോളജി ഹബ്ബുകളാണെന്നും അതിനാല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഈ രാജ്യങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
‘ഇന്ത്യ ഒരു വലിയ ഉപഭോക്തൃ വിപണിയാണ്. ഉയര്‍ന്ന ഡിമാന്‍ഡുള്ളതും ഹൈടെക്കുമായ ഉത്പന്നങ്ങളുടെ വലിയ നിര്‍മ്മാതാവ് കൂടിയാണ് ഇന്ത്യ. അതിനാല്‍, സാങ്കേതികവിദ്യ, വ്യാപാരം, കാലാവസ്ഥ, കൊവിഡ് 19 തുടങ്ങിയ നിരവധി മേഖലകളില്‍ ഈ രാജ്യങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.”- നെഡ് പ്രൈസ് കൂട്ടിച്ചേര്‍ത്തു.
2021 ഒക്ടോബറില്‍ നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഇസ്രയേലില്‍ യോഗം ചേര്‍ന്നിരുന്നു.
ജൂലായ് 13 മുതല്‍ 16 വരെ ബൈഡന്‍ നടത്തുന്ന മിഡില്‍ ഈസ്റ്റ് പര്യടനത്തിനിടെയാകും നാല് രാജ്യങ്ങളുടെയും വെര്‍ച്വല്‍ ഉച്ചകോടി ചേരുകയെന്നാണ് റിപ്പോര്‍ട്ട്.