കടലിനടിയില്‍ ചില പ്രത്യേക മേഖലകളില്‍ വമ്ബന്‍ പഞ്ചസാര മലകള്‍ കണ്ടെത്തി ഗവേഷകർ.
കടലിലെ പുല്‍മേടുകളായ സീഗ്രാസ് മെഡോസുകള്ക്കു കീഴിലെ മണ്ണിലാണ് കുന്നുകൂടിയ നിലയില്‍ ഈ വമ്ബന്‍ പഞ്ചസാര ശേഖരം കണ്ടെത്തിയിരിക്കുന്നത്. സൂക്രോസിന്റെ രൂപത്തില്‍ 13 ലക്ഷം ടണ്ണോളം പഞ്ചസാര ഇവിടെ കുമിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. അന്തരീക്ഷ കാര്‍ബണിനെ ആഗിരണം ചെയ്യുന്നതില്‍ മികച്ച ശേഷി പുലര്‍ത്തുന്ന കടല്പ്പുല്മേടുകള് ലോകത്തെ ഏറ്റവും മികച്ച കാര്‍ബണ്‍ ആഗിരണ പരിസ്ഥിതി സംവിധാനങ്ങളില്‍ ഒന്നാണ്.
വൃക്ഷങ്ങളിലെയും സസ്യങ്ങളിലെയും പോലെ പ്രകാശസംശ്ലേഷണത്തിലൂടെയാണ് സീഗ്രാസ്, ഷുഗര്‍ നിര്‍മിക്കുന്നത്. സാധാരണ ഗതിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമായാണ് ഇവ ഷുഗര്‍ ഉപയോഗിക്കുന്നത്. വളരെ പ്രകാശമേറിയ ദിവസങ്ങളില്‍ കൂടുതലായി ഷുഗര്‍ ഉണ്ടാക്കുകയും അത് കീഴ്ഭാഗത്തെ മണ്ണിലേക്ക് നിക്ഷേപിക്കുകയും ചെയ്യും. കടല്‍പ്പുല്ലുകളുടെ കീഴ്ഭാഗത്തുള്ള ബാക്ടീരിയ ഇവയെ ഉപയോഗിച്ച് നൈട്രജന്‍ ഉത്പാദിപ്പിക്കും. അത് കടല്‍പ്പുല്ലുകളുടെ പ്രജനനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
മറ്റു കടല്മേഖലകളിലുള്ളതിനെക്കാള് 80 മടങ്ങ് ഷുഗര്‍ നിക്ഷേപമാണ് കടല്പ്പുല്മേടുകളുടെ അടിയില്‍ ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു