ആഗോള സാമ്ബത്തിക പ്രശ്നങ്ങള്‍ക്ക് കാരണം യുക്രെയിനിലെ റഷ്യയുടെ സൈനിക ഇടപെടലല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്.
പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ തെറ്റുകള്‍ മറയ്ക്കാന്‍ ഈ സാഹചര്യം ഉപയോഗിക്കുന്നുണ്ടെന്നും പുടിന് വിമര്‍ശിച്ചു. റഷ്യക്കു നേരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കെതിരെ രാജ്യം പിടിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ ടെലിവിഷനിലൂടെ നല്കിയ പ്രസംഗത്തിലാണ് പുടിന്റെ പരാമര്‍ശം.
നിലവിലെ വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും, ഇന്ധനവില വര്‍ധനക്കും, ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനുമുള്ള കാരണം യുഎസ് ഭരണകൂടത്തിന്റെയും യൂറോപ്യന്‍ ഭരണകൂടത്തിന്റെയും സാമ്ബത്തിക നയങ്ങളിലെ പിഴവുകളാണെന്ന് പുടിന് പറഞ്ഞു.
‘ഡോണ്‍ബാസില്‍ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സൈനിക ഇടപെടല്‍ ആരംഭിക്കുന്നതിന് വളരെ മുമ്ബുതന്നെ ഊര്‍ജ്ജ നിരക്ക് ഉയര്‍ന്നിരുന്നു. യൂറോപ്പിന്റെ പരാജയപ്പെട്ട ഊര്‍ജ്ജ നയത്തിന്റെ ഫലമാണ് വിലക്കയറ്റം.’ പുടിന് പറഞ്ഞു