ന്യൂയോര്‍ക്: പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സ് ഒരു വര്‍ഷത്തിനിടയില്‍ 300 ജീവനക്കാരെ പിരിച്ചുവിട്ടു.
‘ബിസിനസില്‍ ഞങ്ങള്‍ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്, എന്നാല്‍ വരുമാനം മന്ദഗതിയിലും ചിലവുകള്‍ വര്‍ധിക്കുന്ന അവസ്ഥയുമാണുള്ളത്. അതിനാലാണ് ഈ നടപടി കൈകൊണ്ടത്’, കംപനി വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.
‘നെറ്റ്ഫ്ലിക്സിനായി ഈ പ്രയാസകരമായ അവസ്ഥയിലും ഞങ്ങളെ പിന്തുണയ്ക്കാന്‍ കഠിന പരിശ്രമം ചെയ്ത ജീവനക്കാരുടെ എല്ലാ സേവനങ്ങള്‍ക്കും ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11,000 മുഴുവന്‍ സമയ ജീവനക്കാരുള്ള നെറ്റ്ഫ്ലിക്സിന്റെ മൂന്ന് ശതമാനം പേരെയാണ് പിരിച്ചുവിടലുകള്‍ ബാധിച്ചത്. പിരിച്ചുവിടല്‍ കൂടുതലും നടക്കുന്നത് അമേരികയിലാണ്.
പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി വരിക്കാരുടെ എണ്ണത്തില്‍ വന്‍ നഷ്ടം സംഭവിച്ചതായി നെറ്റ്ഫ്ലിക്സ് ഏപ്രിലില്‍ റിപോര്‍ട് ചെയ്തിരുന്നു. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കംപനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നെറ്റ്ഫ്ലിക്സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈ വര്‍ഷം കംപനിയുടെ ഓഹരികള്‍ ഏകദേശം 70% ഇടിഞ്ഞു. കഴിഞ്ഞ മാസം, നെറ്റ്ഫ്ലിക്സ് 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.