മ്യാന്‍മര്‍: മ്യാന്‍മറിലെ ജനാധിപത്യ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലില്‍ നിന്ന് തലസ്ഥാനമായ നയ്പിഡോയിലെ ജയില്‍ വളപ്പിലെ ഏകാന്ത തടവിലേക്ക് മാറ്റിയതായി ജുണ്ട വക്താവ് വ്യാഴാഴ്ച അറിയിച്ചു.
”ക്രിമിനല്‍ നിയമപ്രകാരം സൂചി മുതല്‍ ജയിലില്‍ ഏകാന്ത തടവിലാണ്”, സോ മിന്‍ ടുണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതു മുതല്‍, സൂകി നെയ്‌പിഡോയിലെ ഒരു അജ്ഞാത സ്ഥലത്ത് വീട്ടുതടങ്കലിലായിരുന്നു. വീട്ടുജോലിക്കാര്‍ക്കൊപ്പം അവരുടെ വളര്‍ത്തുനായയും കൂടെയുണ്ടായിരുന്നു. പട്ടാളക്കോടതിക്ക് കീഴിലെ വിചാരണയ്ക്ക് വേണ്ടി മാത്രമായിരുന്നു 77കാരിയായ സൂചി പുറത്തിറങ്ങിയിരുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് സൂചിയുടെ അഭിഭാഷകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകരെ അവരുടെ വിചാരണയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ സൂചി ഭരണകൂടത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതെ എല്ലാ നേതാക്കളേയും വീട്ടുതടങ്കലിലാക്കി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൈനിക മേധാവി മിന്‍ ഓംഗ് ഹ്ലായിംഗ് അധികാരം പിടിച്ചത്.
സൂചിയുടെ വിചാരണയും ജയിലിനുള്ളില്‍ മതിയെന്നാണ് പട്ടാളകോടതി തീരുമാനം. 150 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കുന്ന വിവിധ കുറ്റങ്ങളാണ് പട്ടാളകോടതി അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഴിമതി, പട്ടാളത്തിനെതിരേ ജനങ്ങളെ ഇളക്കിവിടല്‍, കോവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍.