ടെല്‍ അവീവ് : ഇസ്രയേല്‍ പാര്‍ലമെന്റ് ഉടന്‍ പിരിച്ചുവിടും. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ബില്ല് ചൊവ്വാഴ്ച പുലര്‍ച്ചെ പാര്‍ലമെന്റിലെ അംഗങ്ങള്‍ ഐക്യകണ്ഠേന പാസാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രാദേശിക സമയം, ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ നിയമമായി മാറുന്ന ബില്ലാണിത്. ഇതോടെ നിലവിലെ വിദേശകാര്യ മന്ത്രി യെയ്‌ര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാകും.
ബില്‍ പ്രകാരം ഒക്ടോബര്‍ 25നോ നവംബര്‍ 1നോ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കും. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീയതി നിശ്ചയിക്കും. മൂന്ന് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. എട്ടു പാര്‍ട്ടികളടങ്ങുന്ന ഭരണമുന്നണി സഖ്യം പിരിച്ചുവിടാന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും യെയ്‌ര്‍ ലാപിഡും കഴിഞ്ഞാഴ്ച ധാരണയായിരുന്നു.
എട്ടു പാര്‍ട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലില്‍ ഒരു പാര്‍ലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ പാര്‍ലമെന്റില്‍ ഭരണസഖ്യത്തിന് 61 സീറ്റുകളാണുണ്ടായിരുന്നത്.