ടെൽ അവീവ്: നെതന്യാഹു സർക്കാരിന് തിരിച്ചടി. ഗസയിൽ ഔദ്യോഗിക സൈന്യത്തോടൊപ്പം യുദ്ധം ചെയ്യാൻ തയ്യാറല്ലെന്ന് റിസേർവ് സൈനികർ പറഞ്ഞു. യുദ്ധം ചെയ്യാൻ വിസമ്മതിച്ച് ഡസൻ കണക്കിന് സൈനികർ സംയുക്ത കത്തിൽ ഒപ്പുവെച്ചു.
ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ 16 അംഗങ്ങളും ഹോം ഫ്രണ്ട് കമാൻഡിൽ നിന്നുള്ള ഏഴ് പേരും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. കാലാൾപ്പട, കോംബാറ്റ് എഞ്ചിനീയറിങ്, കവച യൂണിറ്റുകൾ, എലൈറ്റ് യൂണിറ്റുകൾ എന്നിവയിലെ മറ്റുള്ള കമാൻഡർമാരും യുദ്ധം ചെയ്യാൻ വിസമ്മതിച്ചു.
ബന്ദി കൈമാറ്റത്തിന് മുന്നോടിയായുള്ള റഫയിലെ സൈനിക നടപടിയിൽ സൈന്യത്തോടൊപ്പം ചേരാൻ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് റിസേർവ് സൈനികർ കത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഔദ്യോഗിക സൈനിക വിഭാഗത്തിലെ സ്ഥിരാംഗങ്ങളല്ല ഇവർ. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ മാത്രം സൈനിക നടപടികൾക്കായി സർക്കാർ ക്ഷണിക്കുന്ന കമാൻഡർമാരാണ് റിസേർവ് ഉദ്യോഗസ്ഥർ.
കത്തിൽ ഒപ്പുവെച്ച യുവാക്കളിൽ ഭൂരിഭാഗവും സമപ്രായക്കാരാണ്. ഇവർ ഇസ്രയേലിലെ ന്യൂനപക്ഷങ്ങളാണെന്ന് സമ്മതിക്കുന്നതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്‌തു. റഫയിലെ വെടിവെപ്പ്, ഹമാസിന്റെ കരാർ ഇസ്രയേൽ അംഗീകരിക്കാതിരിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ സൈനികരെ യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ-ഫലസ്‌തീൻ യുദ്ധം എന്തായി മാറുമെന്നതിൽ വ്യക്തതയില്ല. റഫയിലെ ആക്രമണങ്ങൾ ഇസ്രയേലി ബന്ദികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് പകരം കൊലപ്പെടുത്തുകയാണെന്നും റിസേർവ് സൈനികർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യമായ ഐ.ഡി.എഫ്, ഫലസ്‌തീൻ യുവാവിനെ വാഹനത്തിൽ കെട്ടിയിട്ട് മനുഷ്യ കവചമാക്കിയതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. സൈന്യത്തിൻ്റെ നടപടിയെ വിമർശിച്ച് യു.എസും രംഗത്തെത്തി, ഇസ്രയേൽ സൈനികരുടെ ക്രൂരത ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികൾക്കെതിരെ ഉടൻ അന്വേഷണം നടത്തുമെന്നും തക്കതായ ശിക്ഷ നൽകുമെന്നുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രതികരിച്ചത്.