ലോകത്തെമ്പാടും പല വിധത്തിലുള്ള ആഢംബര വിവാഹങ്ങൾ നടക്കാറുണ്ട്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഏഷ്യക്കാർ ഇക്കാര്യത്തിൽ അൽപം മുൻപന്തിയിലാണ്. കാശ് പൊടിപൊടിച്ച് വിവാഹം കഴിക്കാൻ ഏഷ്യയിലെ ധനികർക്ക് വലിയ താൽപര്യമാണ്. കെവിൻ ക്വാനിൻെറ ‘ക്രേസി റിച്ച് ഏഷ്യൻസ്’ എന്ന പുസ്തക സീരീസിൽ ഏഷ്യയിലെ ധനികരുടെ ജീവിതം വരച്ച് കാണിക്കുന്നുണ്ട്. പുസ്തകം പിന്നീട് ചലച്ചിത്രമായും പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഏഷ്യയിലെ ഒരു ആഢംബര വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. പുസ്തകത്തിലും സിനിമയിലുമൊക്കെ വായിച്ചും കണ്ടും പരിചയമുള്ള തരത്തിലുള്ള വിവാഹം ചൈനയിലാണ് നടന്നത്. കണ്ടൻറ് ക്രിയേറ്ററായ ഡാന വാങ്ങാണ് ഈ വമ്പൻ വിവാഹത്തിൻെറ വിശദാംശങ്ങൾ അടങ്ങിയ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
തൻെറ ധനികനായ സുഹൃത്തിൻെറ വിവാഹത്തിൽ അതിഥിയായി പങ്കെടുത്ത വിശേഷമാണ് ഡാന പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് എത്തിയ അതിഥികൾക്ക് എല്ലാവർക്കും ഫൈവ് സ്റ്റാർ ഹോട്ടലിൽ അഞ്ച് ദിവസമാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്. റൂമിൽ ബോറടിച്ച് ഇരിക്കുകയാണെങ്കിൽ റോൾസ് റോയ്സിലോ ബെൻറ്ലി കാറിലോ നാട് ചുറ്റാം. അതിനായി പ്രത്യേകമായി ഡ്രൈവറും റെഡിയാണ്.
ഇതിനെല്ലാം അപ്പുറത്ത് വിവാഹത്തിന് എത്തിയ എല്ലാവർക്കും വധൂവരൻമാരുടെ വക പ്രത്യേക സമ്മാനമുണ്ട്. വിവാഹം കഴിഞ്ഞ് പോവുമ്പോൾ എല്ലാ അതിഥികൾക്കും ഓരോ കവർ വീതം നൽകിയിരുന്നു. 800 ഡോളറാണ് (ഏകദേശം 66000 രൂപ) ഈ കവറിൽ ഉണ്ടായിരുന്നത്. ഇത് കൂടാതെ പുറം രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക് വരാനും പോവാനുമുള്ള വിമാനടിക്കറ്റും നേരത്തെ തന്നെ ബുക്ക് ചെയ്ത് നൽകിയിരുന്നു.
“എൻെറ ഏഷ്യൻ സുഹൃത്തിൻെറ വിവാഹം ഒരു മഹാസംഭവം തന്നെയായിരുന്നു. ഞാൻ യൂറോപ്പിൽ നിന്നാണ് ചൈനയിലേക്ക് ചെല്ലുന്നത്. എൻെറ ഫ്ലെറ്റ് ടിക്കറ്റെല്ലാം തന്നെ നേരത്തെ ബുക്ക് ചെയ്ത് തന്നിരുന്നു. ഇത് കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ അഞ്ച് ദിവസം താമസവും ബുക്ക് ചെയ്തിരുന്നു. റോൾസ് റോയ്സിൽ ചൈനയിൽ കറങ്ങാനും അവസരം കിട്ടി. മനോഹരമായി ഒരുക്കിയ വേദിയിൽ വെച്ചാണ് വിവാഹം നടന്നത്,” വാങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“പരമ്പരാഗത ചൈനീസ് വിവാഹത്തിൽ അതിഥികൾ വധൂവരൻമാർക്ക് സമ്മാനമായി പണം നൽകുന്നതാണ് രീതി. എന്നാൽ ഈ വിവാഹത്തിന് നേരെ തിരിച്ചാണ് സംഭവിച്ചത്. ഒരോ അതിഥിക്കും ചുവന്ന ഒരു കവറാണ് കിട്ടിയത്. അതിൽ 800 ഡോളറാണ് ഉണ്ടായിരുന്നത്. തിരിച്ച് നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്ത് തന്നിരുന്നു,” വാങ് കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് അത്ഭുതത്തോടെ കമൻറ് ചെയ്യുന്നത്. “വിവാഹത്തിന് വരാൻ വേണ്ടി ആരും പണം മുടക്കേണ്ടി വന്നില്ലെന്നത് വലിയ കാര്യമാണ്,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്. “ഇത് പോലൊരു ചൈനീസ് സുഹൃത്ത് എനിക്കും വേണമെന്ന് ആഗ്രഹിക്കുന്നു,” മറ്റൊരാൾ പറഞ്ഞു. “അടുത്ത തവണ ആരെങ്കിലും വിവാഹത്തിന് ക്ഷണിക്കുമ്പോൾ വന്നാൽ എനിക്കെന്ത് കിട്ടുമെന്ന് ഞാൻ ചോദിക്കും,” മറ്റൊരാളുടെകമൻറ് ഇങ്ങനെയാണ്.