ഒട്ടാവ: വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ നടപടിയുമായി കാനഡ. ഏഴ് ഇസ്രായേല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ചുമത്തിയിരിക്കുകയാണ് കാനഡ ഭരണകൂടം. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.
കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇസ്രായേലിനെതിരായ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയിലെ പ്രത്യേക സാമ്പത്തിക നടപടികള്‍ (തീവ്രവാദ കുടിയേറ്റ അതിക്രമം) നിയമപ്രകാരമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സാമ്പത്തികമായും കായികമായും കൂട്ടുനില്‍ക്കുകയും സഹായമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉപരോധത്തിനു കാരണമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.