സൊറെന്റോ: വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പടെ ബിക്കിനി നിരോധിച്ച് ഇറ്റാലിയന്‍ റിസോര്‍ട്ട് നഗരമായ സൊറെന്റോ. ഇനിമുതല്‍ ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് അഞ്ഞൂറു യൂറോ (ഏകദേശം നാല്‍പ്പതിനായിരം ഇന്ത്യന്‍ രൂപ) പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെയുള്ള പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് നഗരം ബിക്കിനി നിരോധിക്കാന്‍ തീരുമാനം കൈക്കൊണ്ടത് .’ആളുകള്‍ ബിക്കിനി ധരിക്കുന്നത് തദ്ദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അസ്വസ്ഥതയും പ്രയാസവുമുണ്ടാക്കുന്നുണ്ട്. കൂടുതല്‍ ആളുകളും ഇതിനെ മാന്യതയ്ക്ക് നിരക്കാത്തതായും പരിഷ്‌കൃത സഹവാസത്തിന്റെ സവിശേഷതകള്‍ക്ക് എതിരായുമായാണ് കാണുന്നത്.’ സൊറെന്റോ മേയര്‍ മാസിമോ കൊപ്പോള പറഞ്ഞു.
ഇറ്റലിയിലെ നേപ്പിള്‍സ് കടലിടുക്കിനോട് അഭിമുഖമായി നില്‍ക്കുന്ന ദക്ഷിണപശ്ചിമ ഇറ്റാലിയന്‍ നഗരമാണ് സൊറെന്റോ. ബിക്കിനിക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ നഗരമല്ല സൊറെന്റോ. നേരത്തെ സ്പെയിനിലെ ബാഴ്സലോണയിലും മയ്യോര്‍ക്കയിലും ചില അവധിക്കാല സന്ദര്‍ശക കേന്ദ്രങ്ങളില്‍ ബിക്കിനി വിലക്കിയിരുന്നു.