ഡല്‍ഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്രോള്‍ വൈറലാകുന്നു. യു.കെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിനെക്കുറിച്ചുള്ള ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യന്‍ വംശജനായ മുന്‍ യു.കെ ചാന്‍സലര്‍ ഋഷി സുനക് യു.കെയുടെ അടുത്ത പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ എത്തിയതോടെയാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
യു.കെ പ്രധാനമന്ത്രിയുടെ വസതിയുടെ മുന്‍ഭാഗം, മാവിലകളും സ്വസ്തിക് ചിഹ്നവും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ചിത്രമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിട്ടുള്ളത്. ’10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഭാവി? വിഖ്യാതമായ ബ്രിട്ടീഷ് നര്‍മ്മം ഇപ്പോള്‍ ദേശി നര്‍മ്മം കൊണ്ട് ചേര്‍ന്നതാണ്…’ എന്ന അടിക്കുറുപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം, പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും യു.കെ പ്രധാനമന്ത്രിയും ആയി തിരഞ്ഞെടുക്കപ്പെടാനുള്ള തന്റെ പ്രചാരണം ഋഷി സുനക് ഔദ്യോഗികമായി ആരംഭിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനായ ഋഷി സുനകിന് പാര്‍ലമെന്റിലെ നിരവധി മുതിര്‍ന്ന ടോറി അംഗങ്ങളുടെ പരസ്യ പിന്തുണ ലഭിച്ചിട്ടുണ്ട്.
വിഭജിക്കപ്പെട്ട ഭരണകക്ഷിയെ ഒന്നിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് ബ്രെക്സിറ്റ് അനുകൂല ഋഷി സുനക് എന്നും, മുന്‍ ചാന്‍സലര്‍ എന്ന നിലയില്‍ യു.കെ നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്നും മുതിര്‍ന്ന അംഗങ്ങള്‍ വ്യക്തമാക്കി.