ടെഹ്‌റാന്‍: കടുത്ത ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകള്‍. മതനിയമങ്ങള്‍ ശക്തമാക്കാനുള്ള ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകള്‍ പൊതുസ്ഥലത്ത് വെച്ച് ഹിജാബ് ഊരിമാറ്റി ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ചു.
കര്‍ക്കശക്കാരനായ ഇസ്ലാമിക പുരോഹിതനാണ് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെന്ന് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു. എന്നാല്‍, ഇസ്ലാമിക സമൂഹത്തിനെ ധാര്‍മ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് റെയ്‌സിയുടെ പ്രതികരണം.
ഇസ്ലാമിക വസ്ത്രധാരണം പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ആദ്യ പടിയാണ് പരസ്യമായ ഹിജാബ് ബഹിഷ്‌കരണമെന്ന്, മനുഷ്യാവകാശ പ്രവര്‍ത്തക മസീഹ് അലിനെജാദ് അന്താരാഷ്ട്ര മാദ്ധ്യമത്തോട് പറഞ്ഞു. പൗരോഹിത്യ നിയമങ്ങള്‍ പരസ്യമായി ലംഘിക്കാന്‍ ധൈര്യം കാട്ടിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവുകളില്‍ പുരുഷന്മാര്‍ പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചു.
ഇറാനില്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശം നല്‍കുന്ന പവിത്ര ശിരോവസ്ത്ര ദിനം കഴിഞ്ഞ ദിവസം ആചരിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇന്നത്തെ ഹിജാബ് ബഹിഷ്‌കരണം. മിക്ക ലോകരാജ്യങ്ങളിലും ഇസ്ലാമിക അജണ്ട വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹിജാബ് ഉള്‍പ്പെടെയുള്ളവയെ അനുകൂലിച്ച് വാദങ്ങള്‍ ഉയരുമ്പോള്‍, കടുത്ത ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന ഇറാന്‍ പോലെ ഒരു രാജ്യത്ത് ഇത്തരം ഒരു പ്രക്ഷോഭം അരങ്ങേറുന്നത് ആശാവഹമാണെന്നും മസീഹ് അലിനെജാദ് പറഞ്ഞു.