ഒരു ഞണ്ടിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തിരിച്ചും മറിച്ചും നോക്കി ചിത്രത്തെ വിലയിരുത്തുകയാണ് ഇന്റര്‍നെറ്റ് ലോകം. കാരണം ഈ ഞണ്ടിന്റെ പല്ലുകള്‍ അല്‍പം സവിശേഷത നിറഞ്ഞതാണ്. മനുഷ്യരുടേതിന് സമാനമായ പല്ലുകള്‍ ഉള്ളതിനാലാണ് വെറുമൊരു ഞണ്ടിന്റെ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് തരംഗമാകാന്‍ ഇടയാക്കിയത്.
ഫെഡോര്‍ട്ട്സോവ് എന്നയാളുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് അപൂര്‍വ്വമായ ഈ ഞണ്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റ് വന്നത്. എന്നാല്‍ ഞണ്ടിന്റെ പല്ല് ചര്‍ച്ചയായതോടെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലാകുകയായിരുന്നു.
മനുഷ്യര്‍ക്ക് പോലുമില്ല ഇത്ര മനോഹരമായ പല്ലെന്നാണ് ചിലരുടെ പ്രതികരണം. പല്ലുഡോക്ടര്‍ ചില അറ്റകുറ്റപ്പണികള്‍ ചെയ്ത് ഞണ്ടിന്റെ പല്ല് മാറ്റിയെടുത്തുവെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്. ചിത്രം ഫോട്ടോഷോപ്പാണെന്ന സംശയവും പലരും പ്രകടിപ്പിച്ചു.
വൈറല്‍ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്ത ഫെഡോര്‍ട്ട്സോവ് എന്നയാള്‍ പൊതുവെ സമുദ്ര ജീവികളുടെ വ്യത്യസ്തമായ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എട്ടുകാലിയെ പോലെയിരിക്കുന്ന മത്സ്യത്തെയും മണ്ണിരയെ പോലെയുളള മീനിനെയും ബ്ലോബിനെ പോലെയിരിക്കുന്ന വിചിത്ര ജീവിയെയുമെല്ലാം അദ്ദേഹത്തിന്റെ പേജില്‍ കാണാനാകും.