കാബൂള്‍: ലിംഗസമത്വത്തില്‍ ഏറ്റവും മോശം രാജ്യം അഫ്ഗാനിസ്താനെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ണഋഎ) റിപ്പോര്‍ട്ട്. 146 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലാണ് അഫ്ഗാനിസ്താന്റെ സ്ഥാനം. ഏറ്റവും മോശം ലിംഗസമത്വമുള്ള രണ്ടാമത്തെ രാജ്യം പാകിസ്താനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലിംഗസമത്വത്തിന്റെ പട്ടികയില്‍ 145-ാം സ്ഥാനമാണ് പാകിസ്താനുള്ളത്.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്സിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക പങ്കാളിത്തം, അവസരം, വിദ്യാഭ്യാസമേഖലയിലെ നേട്ടം, ആരോഗ്യം, അതിജീവനം, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം, ലിംഗസമത്വത്തിലുള്ള പരിണാമം എന്നീ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്തിന്റെ ലിംഗസമത്വം പരിശോധിക്കുന്നത്. ഇതിനായി 146 രാഷ്ട്രങ്ങളെയാണ് പരിഗണിച്ചത്. ഇതില്‍ ഒടുവിലത്തെ സ്ഥാനമാണ് അഫ്ഗാനിസ്താന് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിനിടെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ലിംഗസമത്വ റിപ്പോര്‍ട്ട് തള്ളി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തി. ഇസ്ലാമിക നിയമങ്ങളാല്‍ അനുസൃതമായി സ്ത്രീകളുടെ എല്ലാ അവകാശങ്ങളും അഫ്ഗാനില്‍ പരിഗണിക്കുന്നുണ്ടെന്നായിരുന്നു താലിബാന്‍ ഉപവക്താവ് ബിലാല്‍ കരീമി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ആവശ്യകതകള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് പല അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ അള്‍ജീരിയ, ഇറാന്‍ എന്നീ രാജ്യങ്ങളും ലിംഗസമത്വത്തില്‍ ഏറ്റവും താഴ്ന്ന സ്‌കോര്‍ രേഖപ്പെടുത്തി. ലിംഗസമത്വത്തില്‍ അഫ്ഗാനിസ്താന്‍ ഒടുവിലായപ്പോള്‍, തൊട്ടുപിറകിലാണ് പാകിസ്താന്‍ സ്ഥാനം പിടിച്ചത്. പാകിസ്താനില്‍ 107 ദശലക്ഷം സ്ത്രീകളുണ്ടെന്നും രാജ്യത്തെ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്സ് 56.4 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.