ന്യൂഡല്‍ഹി : ആഫ്രിക്കയിലെ കോംഗോയില്‍ യുഎന്‍ സമാധാന സേനയുടെ ഭാഗമായിരുന്ന രണ്ട് അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു.
ഐക്യരാഷ്‌ട്ര സഭക്കെതിരായി കോംഗോയില്‍ നടക്കുന്ന പ്രക്ഷോഭത്തിലാണ് സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചത്. രണ്ട് സൈനികരും കോംഗോയുടെ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ സ്റ്റെബിലൈസേഷന്‍ മിഷനായ മോനുസ്‌കോയുടെ ഭാഗമായിരുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുട്ടെംബോയില്‍ ജൂലൈ 26 ന് വിന്യസിച്ച സൈനികരില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ധീരരായ രണ്ട് ഇന്ത്യന്‍ സേനാംഗങ്ങളെ നഷ്ടമായതില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദു:ഖം രേഖപ്പെടുത്തി.ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
കിഴക്കന്‍ നഗരമായ ഗോമയില്‍ നടന്ന പ്രതിഷേധത്തിന്റെ രണ്ടാം ദിവസത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കലാപകാരികളെ നേരിടാന്‍ 74 പേര്‍ വീതമുളള രണ്ട് പ്ലാറ്റൂണ്‍ ബിഎസ്‌എഫ് സൈനികരെ വിന്യസിച്ചിരുന്നു. കോംഗോയില്‍ ഉടനീളം മോനുസ്‌കോയ്‌ക്കെതിരെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനുമാണ് പ്രദേശവാസികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
മോനുസ്‌കോ ക്യാമ്ബില്‍ യുഎന്‍ വസ്തുക്കള്‍ കൊളളയടിക്കാനും കത്തിക്കാനുമുളള കലാപകാരികളുടെ ശ്രമം ചെറുക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. ഈ ക്യാമ്ബ് പ്രതിഷേധക്കാര്‍ വളയുകയായിരുന്നു . ബുട്ടെംബോയിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ സേനാംഗങ്ങളുടെ സാന്നിദ്ധ്യമുളള ബെനിയിലും ബുട്ടെംബോയിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കോംഗോ പോലീസും കോംഗോ കരസേനയും എത്തിയെങ്കിലും 500 ലധികം ഉണ്ടായിരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരെ പിരിച്ച് വിടാന്‍ കണ്ണീര്‍വാതകവും പുകയും ഉള്‍പ്പെടെ പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോയ കലാപകാരികള്‍ വീണ്ടും സംഘടിച്ച് അക്രമം നടത്തുകയായിരുന്നു.