ന്യൂയോര്‍ക്ക്: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ആന്‍ഡ്യു കുമോ രാജിവെച്ച് ഒഴിഞ്ഞതോടെ അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിന് ആദ്യ വനിത ഗവര്‍ണറെ ലഭിക്കും. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ തന്നെ ലെഫ്‌നന്‍റ് ഗവര്‍ണറായ കാത്തി ഹോച്ചുലാണ് ന്യൂയോര്‍ക്ക് ഗവര്‍ണറാകാന്‍ ഒരുങ്ങുന്ന ആദ്യ വനിത.
നിലവിലെ സാഹചര്യത്തില്‍ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ 11 പേരാണ് കുമോക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് കുമോയുടെ രാജി പ്രഖ്യാപനം.
ആരോപണങ്ങളെല്ലാം ഇതുവരെ കുമോ നിഷേധിക്കുകയായിരുന്നു. ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്ന് എതിര്‍പ്പുയരുകയും ഇംപീച്ച്‌മെന്‍റ് നടപടികളിലേക്ക് കടന്നപ്പോഴാണ് കുമോ രാജിക്ക് തയാറായത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ട് ഒരു വര്‍ഷം മുമ്പ് ഏറെ കൈയ്യടി നേടിയ ശേഷമാണ് കൂമോയുടെ വന്‍ വീഴ്ച. ഇതിന് പിന്നാലെ നഴ്‌സിങ് ഹോമുകളിലെ കോവിഡ് മരണങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായി.
2010ലാണ് കുമോ ആദ്യം ന്യൂയോര്‍ക്ക് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. കുമോയുടെ പിതാവിന്‍റെ പാത പിന്തുടര്‍ന്ന അദ്ദേഹം മൂന്ന് തവണ സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ പദവി അലങ്കരിച്ചു. ഡെമോക്രാറ്റ് പാര്‍ട്ടിക്ക് മേധാവിത്വമുള്ള സംസ്ഥാനത്ത് 2014ലും 2018ലും അദ്ദേഹം വിജയത്തുടര്‍ച്ച നേടി.
ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നതിന് മുമ്പ് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായും ബില്‍ ക്ലിന്‍റണ്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.