കാബൂള്‍: അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ സി ഐ എ ഉപയോഗിച്ചത് രഹസ്യ ആയുധമെന്ന് റിപ്പോര്‍ട്ടുകള്‍.
ആര്‍ 9 എക്‌സ് എന്ന മിസൈലാണ് സവാഹിരിയെ വധിക്കാന്‍ സി ഐ എ ഉപയോഗിച്ചത്. അത്യധികം കൃത്യതയുള്ള ആയുധമാണിത്. ലക്ഷ്യസ്ഥാനത്തെ മാത്രമെ ഇത് നശിപ്പിക്കൂ. മുന്‍കാലങ്ങളില്‍, സിവിലിയന്മാരെ കൊല്ലുന്ന ആക്രമണങ്ങളുടേയും ലക്ഷ്യങ്ങള്‍ പിഴക്കുന്നതിന്റേയും പേരില്‍ യുഎസ് വലിയ വിമര്‍ശനം നേരിട്ടിട്ടുണ്ട്.
അത് ഇത്തവണ ഇല്ലാതിരിക്കാന്‍ പ്രധാന കാരണം ആര്‍ 9 എക്‌സിന്റെ കൃത്യതയാണ്. പ്രസിദ്ധമായ ഹെല്‍ഫയര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് മിസൈല്‍. 1980 കളില്‍ വികസിപ്പിച്ചെടുത്ത ആന്റി ടാങ്ക് മിസൈല്‍ ആണ് ആര്‍ 9 എക്‌സ്. പിന്നീട് പല തവണ ഇതിനെ പരിഷ്‌ക്കരിച്ചു.
ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് വേരിയന്റിന് നിരവധി സവിശേഷതകളുണ്ട്. ആകാശത്ത് നിന്ന് അതി വേഗത്തില്‍ ഒരു ലോഹക്കഷ്ണം താഴേയ്ക്ക് വന്ന് പതിക്കുന്നതിന് സമാനമായ ക്രമീകരണമാണ് ആര്‍ 9 എക്‌സിന്റേത്. 100 പൗണ്ടിലധികം തൂക്കമുള്ള ലോഹം താഴേയ്ക്ക് വന്ന് കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലോ കാറിന്റെ മുകളിലോ പതിയ്ക്കും. ലക്ഷ്യം വെയ്ക്കുന്ന ആളെ മാത്രമേ ഇത് ബാധിക്കൂ