തായ്പേയ്: വിവാദ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ വിട്ടു.
ചൈനീസ് മുന്നറിയിപ്പുകള്‍ ലംഘിച്ചായിരുന്നു നാന്‍സി പെലോസി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തായ്‌വാനിലെത്തിയത്.
തായ്‌വാനോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കാനാണ് തായ്‌വാനിലെത്തിയതെന്ന് പെലോസി വ്യക്തമാക്കി. ഈ സൗഹൃദത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായും പെലോസി പറഞ്ഞു.തായ്‌വാനും ലോകത്തിനുമിടയില്‍ ചൈന തടസമായി നില്‍ക്കുന്നുവെന്ന് പെലോസി ആരോപിച്ചു. പുരുഷന്‍മാര്‍ എത്തിയപ്പോള്‍ ചൈനയക്ക് പ്രതിഷേധമില്ലായിരുന്നു, താനെത്തിയപ്പോള്‍ എന്താണ് ഇത്രവലിയ പ്രശ്‌നമെന്നും നാന്‍സി ചോദിച്ചു.
തായ്‌വാനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാന്‍സി പെലോസി തന്റെ കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയ, ജപ്പാന്‍ സന്ദര്‍ശനത്തിനായി തിരിച്ചു.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന തായ്‌വാന്‍ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം പ്രഖ്യാപിച്ചിരുന്നു. പെലോസി എത്തിയാല്‍ അത് തീക്കളിയാകുമെന്ന് ചൈന നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കനത്ത സുരക്ഷയിലാണ് പെലോസി തായ്പെയ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഉയര്‍ന്ന യു.എസ് വൃത്തം തായ്‌വാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പെലോസി തായ്‌വാനിലെത്തിയത്.
പെലോസിയുടെ സന്ദര്‍ശനത്തോടുള്ള പ്രതിഷേധം അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചിരുന്നു. തായ്‌വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്ബത്തിക നടപടികളും ചൈന പ്രഖ്യാപിച്ചിരുന്നു. അതേസമയം, സൈനിക അഭ്യാസത്തിന്റെ മറവില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി കടന്നാല്‍ പ്രതികരിക്കേണ്ടി വരുമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ മുന്നറിയിപ്പ് നല്‍കി. സൈന്യത്തോട് ജാഗ്രത പുലര്‍ത്താനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ചൈന തങ്ങളുടേതെന്ന് അവകാശവാദം ഉന്നയിക്കുന്ന സ്വയംഭരണ പ്രദേശമാണ് തായ്‌വാന്‍. ദ്വീപിനെ സൈനികശക്തി ഉപയോഗിച്ച് പിടിച്ചടക്കുമെന്ന് ചൈന നിരന്തരം മുന്നറിയിപ്പ് നല്‍കുന്നതാണ്. ഇവിടെ ഒരു വിദേശ ഭരണകൂടത്തിന്റെ പ്രതിനിധി എത്തുന്നത് തായ്‌വാന്‍റെ പരമാധികാരത്തിനുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.