ഹോങ്കോങ് : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ചൈന തയ്‌വാനു ചുറ്റും ആറു ദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചു.
തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു കടുത്ത തിരിച്ചടി നല്‍കുമെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയെ നിരന്തരം വിമര്‍ശിക്കുന്ന പെലോസി തയ്‌വാനില്‍ കാലുകുത്തിയതിനു പിന്നാലെയാണു ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളില്‍ ചൈന സൈനിക അഭ്യാസം തുടങ്ങിയത്. ദ്വീപിനു നേര്‍ക്ക് മിസൈലുകള്‍ തൊടുക്കുമോ എന്നും ദ്വീപിനെ പൂര്‍ണമായി ഒറ്റപ്പെടുത്തുമോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യുഎന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ചൈനയുടെ സൈനികാഭ്യാസമെന്ന് തയ്‌വാന്‍ പ്രതികരിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയെന്നും വ്യോമ, നാവിക ഗതാഗതത്തിനു ഭീഷണി ഉയര്‍ത്തിയെന്നും തയ്‌വാന്‍ വ്യക്തമാക്കി.
ചൈനയുടെ നാവിക, വ്യോമ സേനകള്‍ക്കൊപ്പം റോക്കറ്റ്, സ്ട്രറ്റാജിക് സപ്പോര്‍ട്ട്, ജോയിന്റ് ലൊജിസ്റ്റിക്സ് സപ്പോര്‍ട്ട് സേനകളും ഉള്‍ക്കൊള്ളുന്ന സംയുക്ത സേനാ അഭ്യാസമാണു നടക്കുന്നതെന്നു ചൈനയുടെ ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് അറിയിച്ചു. തയ്‌വാന്റെ തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കടലിലാണ് അഭ്യാസം.