ബാങ്കോക്ക്: ഗോടബയ രാജപക്സെക്ക് താല്‍ക്കാലികമായി അഭയം നല്‍കാമെന്ന് തായ്‍ലാന്‍ഡ്. എന്നാല്‍, ഒരു വ്യവസ്ഥയോടെ മാത്രമേ അദ്ദേഹത്തിന് താമസിക്കാന്‍ സാധിക്കുവെന്നും തായ്‍ലാന്‍ഡ് അറിയിച്ചു.
രാജ്യത്ത് ഗോടബയ രാജപക്സെ കുഴപ്പങ്ങളുണ്ടാക്കരുതെന്നാണ് വ്യവസ്ഥ.
തായ്‍ലാന്‍ഡ് പ്രധാനമന്ത്രിയാണ് രാജപക്സെക്ക് അഭയം നല്‍കുമെന്ന് അറിയിച്ചത്. ഇത് മാനുഷികമായ വിഷയമാണ്. താല്‍ക്കാലികമായി താമസിക്കുന്നതിന് അദ്ദേഹത്തിന് അനുമതി നല്‍കാമെന്ന് തായ്‍ലാന്‍ഡ് അറിയിച്ചതായി തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പാസ്‍പോര്‍ട്ടുള്ള രാജപക്സെക്ക് 90 ദിവസമാണ് തായ്‍ലാന്‍ഡില്‍ താമസിക്കാന്‍ സാധിക്കുക.
അതേസമയം, രാജപക്സെയുടെ സന്ദര്‍ശനത്തെ ശ്രീലങ്ക എതിര്‍ത്തിട്ടില്ലെന്നാണ് സൂചന. മാലിദ്വീപിന് ശേഷം രാജപക്സെക്ക് അഭയം നല്‍കുന്ന രാജ്യമാണ് തായ്‍ലാന്‍ഡ്. രാജപക്സെക്ക് സിംഗപ്പൂരിലെ ചാങ്കി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രണ്ടാഴ്ചത്തേക്ക് താമസിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. സിംഗപ്പൂരില്‍ നിന്നാവും രാജപക്സെ ബാങ്കോക്കിലേക്ക് പറക്കുക.