ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയെന്ന് പ്രതി ഹാദി മതാര്‍.
ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് 24കാരന്റെ കൂസലില്ലാത്ത മറുപടി. ‘റുഷ്ദി രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി’- ഹാദി പറഞ്ഞു.
1989ല്‍ ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള ഖുമെയ്‌നി, റുഷ്ദിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഈ ഫത്‌വയാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം ആയത്തുള്ളയെ താന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്ന് ഹാദി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
‘അയത്തുള്ളയെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം മഹാനായ ഒരു മനുഷ്യനാണ്. ഇക്കാര്യത്തില്‍ ഇതു മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.’
‘റുഷ്ദിയുടെ ‘സാറ്റനിക് വേഴ്സസ്’ എന്ന നോവലിന്റെ കുറച്ചു പേജുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എനിക്ക് അയാളെ ഇഷ്ടമല്ല. അയാള്‍ നല്ല മനുഷ്യനല്ല. ഇസ്‌ലാമിനെയും അവരുടെ വിശ്വാസങ്ങളെയും ആക്രമിച്ചയാളാണ്.’
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹാദി പറഞ്ഞു. റുഷ്ദി ചടങ്ങിനെത്തുമെന്ന് അറിഞ്ഞത് ട്വിറ്ററിലൂടെയാണെന്നും ഹാദി വ്യക്തമാക്കി.
‘ആക്രമണത്തിന് ഒരു ദിവസം മുന്‍പ് ബസിലാണ് ഞാന്‍ സ്ഥലത്തേക്ക് എത്തിയത്. അവിടെത്തി ഒന്നും ചെയ്യാതെ കുറേസമയം വെറുതേ നടന്നു’- മതാര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 12-നാണ് ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ഹാദി മതാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ നീക്കി.