പാരീസ്: വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച് തമ്മില്‍തല്ലിയ രണ്ട് പൈലറ്റുമാരെ എയര്‍ ഫ്രാന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. ജനീവയില്‍ നിന്ന് പാരീസിലേക്ക് നിറയെ യാത്രക്കാരുമായി പറക്കുകയായിരുന്നു വിമാനം. ഇതിനിടിയിലാണ് നിസാരകാര്യത്തെച്ചൊല്ലി പൈലറ്റുമാര്‍ തര്‍ക്കിച്ചതും കൈയാങ്കളിയായതും.
സുരക്ഷപോലും മറന്ന്
അങ്ങോട്ടുമിങ്ങോട്ടും കോളറില്‍ പിടിച്ചും മുഖത്തടിച്ചും പൈലറ്റുമാര്‍ അടിപിടിയായതോടെ മറ്റ് ക്രൂ മെമ്ബേഴ്സ് ഇടപെടുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റി സമാധാനിപ്പിച്ചു. മാത്രമല്ല, യാത്ര തീരുംവരെ ക്രൂ മെമ്ബേഴ്സില്‍ ചിലര്‍ കോക്പിറ്റില്‍ തുടരുകയും ചെയ്തു.
എയര്‍ഫ്രാന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കടുത്ത സുരക്ഷാ ലംഘനമാണ് പൈലറ്റുമാര്‍ നടത്തിയതെന്ന് വ്യക്തമായതോടെ ഇരുവരെയും ജോലിയില്‍ നിന്ന് മാറ്റി നിറുത്തി.
തുടരന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം പൈലറ്റുമാര്‍ തമ്മിലുണ്ടായ വഴക്ക് വിമാന സര്‍വീസിനെ ബാധിച്ചില്ലെന്നും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെന്നും അധികൃതര്‍ വ്യക്തമാക്കി.
2018 ല്‍ വിമാനത്തില്‍ തമ്മില്‍ത്തല്ല് നടത്തിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പിരിച്ചുവിട്ടിരുന്നു.