ലഹൈന: യു.എസിലെ ഹവായ് സംസ്ഥാനത്തെ മൗയി ദ്വീപിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നൂറിലെറെ ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഹവായ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു. മൗയി ദ്വീപിലെ ചരിത്രനഗരമായ ലഹൈനയിലാണ് കാട്ടുതീ നാശം വരുത്തിയത്.
ഇനിയും നൂറുകണക്കിനാളുകളെ കണ്ടെത്താനുണ്ടെന്നും നിലവില്‍ കണ്ടെത്തിയവരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഗവര്‍ണര്‍ അറിയിച്ചു. ഹവായ് സംസ്ഥാനം നേരിട്ട ഏറ്റവും ദുരിതംനിറഞ്ഞ കാട്ടുതീയാണിത്. തീയില്‍നിന്ന് രക്ഷനേടി ജീവന്‍ ബാക്കിയായവര്‍ക്ക് സഹായം നല്‍കുക മാത്രമാണിപ്പോള്‍ ചെയ്യാനാവുക. ചികിത്സ നല്‍കാനും പുനരധിവസിപ്പിക്കാനും വേണ്ടി ആളുകളെ ഒരുമിച്ചുകൂട്ടുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു.

കാട്ടുതീ ഏറക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ട്. ദ്വീപിന്റെ ചില ഭാഗങ്ങളിലായി ഇപ്പോഴുമുള്ള കാട്ടുതീ പൂര്‍ണമായി അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സേവനം അധികൃതര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതേവരെ മൂന്നു ശതമാനം പ്രദേശത്ത് മാത്രമാണ് പരിശോധന നടത്താനായതെന്ന് മൗയി പൊലീസ് മേധാവി ജോണ്‍ പെല്ലറ്റീയര്‍ പറഞ്ഞു. ദുരന്തത്തിന്റെ വലുപ്പം പൂര്‍ണമായി തിട്ടപ്പെടുത്താന്‍ തങ്ങള്‍ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുതീയില്‍ രണ്ടായിരത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതില്‍ ഭൂരിഭാഗവും ലാഹൈന മേഖലയിലെ വീടുകളാണ്. ഇവരിലധികവും ഹൈവേ ഓരങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത്.