റോം: തെക്കന്‍ ഇറ്റലിയിലെ സിസിലി ദ്വീപില്‍ സ്ഥിതിചെയ്യുന്ന എറ്റ്‌ന അഗ്‌നിപാര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കതാനിയ വിമാനത്താവളം അടച്ചു. ഇവിടെനിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു.
ഇറ്റലിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആന്‍ഡ് വോള്‍ക്കനോളജി (ഐഎന്‍ജിവി) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് അഗ്‌നിപര്‍വതത്തിന്റെ തെക്കുകിഴക്കന്‍ ഗര്‍ത്തത്തില്‍ നിന്ന് 2,800 മീറ്റര്‍ ഉയരത്തില്‍ ലാവ കുതിച്ചുയര്‍ന്നു. സ്ഫോടനത്തെ തുടര്‍ന്ന് സിസിലിയുടെ തെക്കുകിഴക്കന്‍ പ്രദേശത്ത് അന്തരീക്ഷം ചാരംനിറഞ്ഞ അവസ്ഥയിലാണ്.
കതാനിയവഴി യാത്രചെയ്യേണ്ട യാത്രക്കാര്‍ അവരുടെ എയര്‍ലൈനുമായി ആലോചിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കതാനിയ എയര്‍പോര്‍ട്ട് അതിന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍വഴി യാത്രക്കാര്‍ക്ക് തത്സമയ യാത്രാ അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്.
ജൂലൈ പകുതിയോടെ എയര്‍പോര്‍ട്ട് കെട്ടിടത്തിന്റെ പ്രധാന ടെര്‍മിനലില്‍ വന്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് മൂന്നാഴ്ചയോളം ഇവിടെനിന്നു വിമാനസര്‍വീസുകള്‍ ഉണ്ടായിരുന്നില്ല.
ഇറ്റലിയിലെ പ്രധാന വേനല്‍ അവധിക്കാലമായ ഫെറാഗോസ്റ്റോ സമയത്ത് വിമാനത്താവളം അടച്ചുപൂട്ടേണ്ടിവന്നത് യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് കരുതുന്നത്.