വ്യാഴാഴ്ച പുലർച്ചെ നേപ്പാളിലെ ബാര ജില്ലയിൽ തീർഥാടകരുമായി പോയ ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ നിന്നുള്ള തീർത്ഥാടകരുമായി വ്യാഴാഴ്ച സിമാരയിലെ ചുരിയാമൈ ക്ഷേത്രത്തിന് തെക്ക് സ്ഥിതി ചെയ്യുന്ന നദീതീരത്ത് ബസ് മറിഞ്ഞ് റോഡിൽ നിന്ന് ഏകദേശം 50 മീറ്ററോളം താഴേക്ക് വീണതാണ് ദാരുണമായ സംഭവമെന്ന് കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു നേപ്പാൾ പൗരനും അപകടത്തിൽ കൊല്ലപ്പെട്ടു, 19 പേർക്ക് പരിക്കേറ്റു. ആറ് ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നദിക്കരയിൽ റോഡിലേക്ക് മറിഞ്ഞ് വീണു. 26 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ഒരു നേപ്പാളിയും മരിച്ചു. മരിച്ചയാളുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.
ഡ്രൈവർ ജിലാമി ഖാൻ ഉൾപ്പെടെ മൂന്ന് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തതായി ബാര ജില്ലാ പോലീസ് ഓഫീസ് മേധാവി കൂടിയായ പോലീസ് സൂപ്രണ്ട് ഹോബിന്ദ്ര ബോഗതി പറഞ്ഞു.
അപകടസമയത്ത് ഡ്രൈവർക്കും സഹപ്രവർത്തകർക്കും പരിക്കേറ്റതായും ചികിത്സയെ തുടർന്ന് കസ്റ്റഡിയിലെടുത്തതായും അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു. പരിക്കേറ്റവരെല്ലാം ഹെതൗഡയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നേപ്പാളിൽ റോഡ് അപകടങ്ങൾ വളരെ സാധാരണമായിരിക്കുന്നു, പ്രധാനമായും പർവതപ്രദേശങ്ങളിൽ. നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ ബുധനാഴ്ച കാഠ്മണ്ഡുവിൽ നിന്ന് ബെനിയിലേക്കുള്ള യാത്രാ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.