മഡഗാസ്കര്‍: മഡഗാസ്കറിലെ അന്‍റാനാനറിവോ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏഴ് കുട്ടികളുള്‍പ്പടെ 13 പേര്‍ മരിക്കുകയും 107 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ 50,000 ത്തോളം കാണികള്‍ എത്തിയ ബരിയ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് തിക്കും തിരക്കും ഉണ്ടായത്.
‘കവാടത്തില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നെന്ന്’ റെഡ് ക്രോസിന്റെ കമ്മ്യൂണിക്കേഷൻസ് മാനേജര്‍ ആന്റ്സ മിറാഡോ പറഞ്ഞു. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ടത് എങ്ങനെയാണെന്ന് വ്യക്തമല്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.