മക്ഡൊണാൾഡ്സിൽ നിന്നും ഓർഡർ ചെയ്ത ഫ്രഞ്ച് ഫ്രൈസിൽ സിഗരറ്റ് കുറ്റി കണ്ടെത്തിയ അനുഭവം പങ്കുവെച്ച് യുകെ സ്വദേശി. ഹാപ്പി മീല്‍ പായ്ക്കറ്റിലാണ് സിഗരറ്റ് കുറ്റിയും ചാരവും കണ്ടെത്തിയത്. ഒക്ടോബർ 18 ന് യുകെയിലാണ് സംഭവം നടവന്നത്. ജെമ്മ കിര്‍ക്ക് ബോണര്‍ എന്ന 35 കാരിയാണ് തനിക്കുണ്ടായ അനുഭവം ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. കമ്പനി മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
തന്റെ മക്കൾക്കു കൊടുക്കാനാണ് ജെമ്മ മക്ഡൊണാൾഡ്സിൽ നിന്നും ഫ്രഞ്ച് ഫ്രൈസ് വാങ്ങിയത്. വീട്ടിലെത്തി, ഒരു വയസുകാരനായ കാലെബിനും മൂന്നു വയസുകാരൻ ജാക്സണും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് പായ്ക്കറ്റിനുള്ളില്‍ സിഗരറ്റ് കുറ്റി കണ്ടത്. മൂന്നു വയസുകാരന്റെ കയ്യിൽ പാക്കറ്റ് കൊടുത്ത്, ഒരു വയസുള്ള കുഞ്ഞിന് ജെമ്മ അതിൽ നിന്നും ഓരോന്നായി എടുത്തു നൽകാനും തുടങ്ങി. ഇതിനിടെയാണ് പാക്കറ്റിൽ കിടക്കുന്ന സിഗരറ്റ് കുറ്റി ശ്രദ്ധയിൽ പെട്ടത്. താൻ അപ്പോൾ ശ്രദ്ധിച്ചിരുന്നില്ലായിരുന്നുവെങ്കിൽ മൂത്ത മകൻ അതെടുത്തു തിന്നാൻ തുടങ്ങുമായിരുന്നു എന്നും ജെമ്മ കുറിച്ചു.
“മക്‌ഡൊണാൾഡ്സിൽ നിന്നും ഇനി ഭക്ഷണം വാങ്ങുന്നതിനു മുൻപ് രണ്ടുതവണ ഞാൻ ചിന്തിക്കും. ഞാൻ സാധാരണയായി വെള്ളിയാഴ്ച എന്റെ മക്കളെ അവിടെ കൊണ്ടുപോകാറുണ്ട്. പക്ഷേ ഇനി ഞാൻ അത് ചെയ്യില്ല, അത് ഉറപ്പാണ്. ഞാൻ മക്‌ഡൊണാൾഡിന്റെ ഹെഡ് ഓഫീസിൽ പരാതി നൽകാൻ പോകുകയാണ്”, ജെമ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു.
നിരവധി പേരാണ് ജെമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ പ്രതികരണവുമായി രംഗത്തെത്തുന്നത്. എന്നാൽ കമ്പനി ഇതുവരെ ഇതിൽ പ്രതികരണവുമായി രംഗത്തു വന്നിട്ടില്ല. ഭക്ഷ്യസുരക്ഷ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം തന്നെയാണെന്ന് റസ്റ്റോറന്‍റിന്‍റെ ഫ്രാഞ്ചൈസി മാർക്ക് ബ്ലണ്ടെൽ പ്രതികരിച്ചു. “ഭക്ഷ്യസുരക്ഷക്ക് ഞങ്ങൾ വളരെയധികം പ്രധാന്യം കൊടുക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിനുള്ള സേവനം നൽകുന്നതിനും ഞങ്ങൾ വളരെയധികം ഊന്നൽ നൽകുന്നു. ഞങ്ങളുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെടാൻ ഞങ്ങൾ ഈ ഉപഭോക്താവിനോട് ആവശ്യപ്പെടും. അതുവഴി ഈ വിഷയം ഞങ്ങൾക്ക് ശരിയായി അന്വേഷിച്ച് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കും”, മാർക്ക് ബ്ലണ്ടെൽ പറഞ്ഞു.